സവാള ക്ഷാമത്തിന് പരിഹാരമാകും; ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് 20,000 ടണ്‍; കേരളം ആവശ്യപ്പെട്ടത് 460 ടണ്‍ സവാള

തൃശ്ശൂര്‍: ക്ഷാമം പരിഹരിക്കുന്നതിനായി ഈജിപ്തില്‍നിന്ന് സവാള അടുത്തയാഴ്ച മുംബൈയിലെത്തും. വിവിധ സംസ്ഥാനങ്ങള്‍ സവാള വാങ്ങുന്നതിനായി കേന്ദ്ര ഏജന്‍സിയായ നാഫെഡിന് കത്തയച്ചു. 460 ടണ്‍ സവാളയാണ് കേരളം ആവശ്യപ്പെട്ടത്. ഡിസംബര്‍ 10-നും 17-നും മധ്യേ മുംബൈ തുറമുഖത്ത് സവാള എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നരലക്ഷം ടണ്‍ സവാളയാണ് ഇറക്കുമതിചെയ്യുന്നത്. ഇതില്‍ 20,000 ടണ്ണാണ് അടുത്തയാഴ്ച എത്തുന്നത്. കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് സവാള ഇറക്കുമതി ചെയ്യുന്നത്. വിലക്കയറ്റം തടയുന്നതിനും സവാള ക്ഷാമം പരിഹരിക്കുന്നതിന്റെയും ഭാഗമായാണ് രാജ്യത്ത് ഈജിപ്തില്‍ നിന്നും സവാള ഇറക്കുമതി ചെയ്യുന്നത്. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷനാണ് മുംബൈയില്‍ സവാള ഇറക്കുമതിക്കുള്ള ചുമതല.

കൃഷിമന്ത്രാലയത്തിന് കീഴിലുള്ള നാഫെഡിനാണ് രാജ്യത്തെത്തുന്ന സവാള വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ചുമതല. 460 ടണ്‍ സവാളയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ആഴ്ചയില്‍ 115 ടണ്‍ സവാള ആവശ്യമുണ്ടെന്ന് നാഫെഡിന് അയച്ച കത്തില്‍ കത്തില്‍ കേരളം ചൂണ്ടിക്കാട്ടി. ഇതില്‍ 300 ടണ്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും 160 ടണ്‍ ഹോര്‍ട്ടികോര്‍പ്പുമാണ് വാങ്ങുന്നത്.

മുംബൈയില്‍ സവാള കിലോയ്ക്ക് 60-നും 65-നും ഇടയില്‍ വിലവരുമെന്നാണ് നാഫെഡ് കണക്കാക്കുന്നത്. കേരളത്തില്‍ ഇത് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ പരമാവധി അഞ്ച് രൂപ കൂടുമെന്നാണ് വിലയിരുത്തല്‍. 2500-ഓളം ടണ്ണിന്റെ ഓര്‍ഡറുകളാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കിട്ടിയത്.

തമിഴ്‌നാട് 500-ടണ്‍, ആന്ധ്രാപ്രദേശ്-300 ടണ്‍, തെലങ്കാന-500 ടണ്‍, കര്‍ണാടക-480 ടണ്‍ എന്നിങ്ങനെയാണ് ദക്ഷിണേന്ത്യയില്‍നിന്നുള്ള ഓര്‍ഡറുകള്‍. വില നിശ്ചയിച്ചശേഷം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ഹോര്‍ട്ടികോര്‍പ്പിന്റെ കേന്ദ്രങ്ങളിലൂടെയും സവാള വില്‍പ്പന നടത്തും. ഇതോടെ സവാള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്.

Exit mobile version