ദിശ കേസ്; കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കും

ഹൈദരാബാദ്: ഹൈദരാബാദില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ദിശ കേസ് പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. പോലീസ് തന്നെ വിധി തീരുമാനിച്ചു വധ ശിക്ഷ നടപ്പാക്കുന്നത് അനുവദിച്ചാല്‍ രാജ്യത്ത് നിയമവാഴ്ച തകരുമെന്ന പരാതിയുമായി ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കാനായി തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട നാല് യുവാക്കളുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്നാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കും.

അതേസമയം ഹൈദരാബാദ് കൊലപാതകങ്ങളില്‍ തെലുങ്കാന സര്‍ക്കാര്‍ ഇതുവരെ പ്രത്യേക അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാ ഏറ്റുമുട്ടല്‍ കൊലകളിലും എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ട്. അതേസമയം പ്രതികളെ വെടിവെച്ച് കൊന്നതില്‍ പോലീസിനെ അഭിനന്ദിച്ച് രാത്രിയിലും ഹൈദരാബാദില്‍ പ്രകടനങ്ങള്‍ നടന്നു. കൊല്ലപ്പെട്ട വനിതാ വെറ്റിനറി ഡോക്ടറുടെ വീടിനു മുന്നില്‍ നൂറു കണക്കിന് ആളുകളാണ് മെഴുകുതിരി വെളിച്ചവുമായി അണിനിരന്നത്.

യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍ കുമാര്‍, ചിന്താകുന്ത ചെന്ന കേശാവുലു എന്നീ നാല് പ്രതികളെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പോലീസ് വെടിവെച്ചുകൊന്നത്. പ്രതികളെ തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയില്‍ ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.

Exit mobile version