ഉന്നാവ് പീഡനക്കേസ്; പ്രതികള്‍ തീ കൊളുത്തിയ യുവതി മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പീഡനപരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ തീവെച്ച യുവതി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ട് 11.40-ഓടെയാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 90ശതമാനത്തോളം പൊള്ളലേറ്റ 23 വയസ്സുള്ള യുവതി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

ബലാത്സംഗത്തിന് ഇരയായ യുവതി പ്രതികള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്ത് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴി വീടിനടുത്തുവെച്ച് അഞ്ചംഗസംഘം യുവതിയെ ആക്രമിച്ചു തീകൊളുത്തുകയായിരുന്നു.

സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്. ഗുരുതരമായി പൊള്ളലേറ്റ് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിക്ക് പ്രത്യേക തീവ്രപരിചരണവിഭാഗം ഒരുക്കുകയും ചെയ്തിരുന്നു. ഹൃദയസ്തംഭനം ഉണ്ടായതിന് തുടര്‍ന്ന് കഴഞ്ഞ ദിവസം 11.10ന് യുവതി മരണത്തിന് കീഴടങ്ങി.

പരമാവധി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സഫ്ദാര്‍ജങ് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രാഥമിക ചികിത്സ വൈകിയതും 90 ശതമാനം പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മരിക്കുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീ കൊളുത്തിയ പ്രതികളുടെ പേരുകള്‍ യുവതി പറഞ്ഞിരുന്നു.

യുവതിയെ തീകൊളുത്തിയ കേസ് അന്വേഷിക്കുന്നതിനായി ഉന്നാവ് എഎസ്പി വിനോദ് പാണ്ഡെ തലവനായി അഞ്ചുപേരടങ്ങുന്ന പ്രത്യേകാന്വേഷണ സംഘം (എസ്‌ഐടി.) രൂപവത്കരിച്ചതായി ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണര്‍ മുകേഷ് മേശ്രാം അറിയിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ചതിനുശേഷമാണ് എസ്‌ഐടി. രൂപവത്കരിച്ചതെന്നും റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിനു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version