പോക്‌സോ കേസുകളിൽ വധശിക്ഷ വിധിച്ചവർക്ക് ദയാഹർജി നൽകാൻ അനുവാദം നൽകരുത്: രാഷ്ട്രപതി

മൗണ്ട് അബു: പോക്‌സോ കേസുകളിൽ വധശിക്ഷ വിധിക്കപ്പെടുന്ന പ്രതികൾക്ക് ദയാഹരജി നൽകാൻ അനുവാദം നൽകരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജസ്ഥാനിലെ സിർഹോയിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീ സുരക്ഷ ഗൗരവകരമായ വിഷയമാണ്. ദയാഹരജി നൽകുന്നതിനുള്ള നിയമങ്ങളിൽ പാർലമെന്റിൽ പുനരാലോചന വേണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

തെലങ്കാനയിലെ യുവഡോക്ടറെ കൊലപ്പെടുത്തിയ നാല് പ്രിതകളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിന് പിന്നാലെയാണ് സ്ത്രീ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുന്ന രാഷ്ട്രപതിയുടെ പ്രതികരണം പുറത്തുവന്നത്.

അതേസമയം, തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാൽസംഗത്തിനിരയാക്കിയ പ്രതികൾ വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പോലീസ് രംഗത്തെത്തി. വെടിവെക്കുന്നതിന് മുമ്പ് പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നെന്നും നിയമം അതിന്റെ ദൗത്യം നിർവഹിച്ചുവെന്നും സൈബറാബാദ് പോലീസ് കമ്മീഷണർ വിസി സജ്ജനാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ ആയുധം തട്ടിയെടുത്ത് പോലീസിനെ വെടിവെക്കുകയായിരുന്നെന്നും രണ്ടു പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രതിരോധിക്കാൻ വേണ്ടിയാണ് തിരിച്ച് വെടിവെച്ചതെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളെ സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്നും സൈബരാബാദ് കമ്മീണർ സിവി സജ്ജനാർ പ്രതികരിച്ചു.

Exit mobile version