ഭരണഘടനയും നിയമ സംവിധാനങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ; പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരണം നല്‍കണം; തെലങ്കാന ബിജെപി

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തെലങ്കാന ബിജെപി.

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തെലങ്കാന ബിജെപി.

സംഭവത്തില്‍ പോലീസ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ‘കൂട്ടബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റകൃത്യമാണ്. അതിനെ ബിജെപി അപലപിക്കുന്നു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ആക്രമിക്കപ്പെട്ട യുവതിക്ക് നീതി ലഭ്യമാകുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു’- തെലങ്കാന ബിജെപി വക്താവ് കെ കൃഷ്ണസാഗര്‍ റാവു പറഞ്ഞു.

അതേസമയം, ഇന്ത്യ വെള്ളരിക്കാപ്പട്ടണമല്ല, ഭരണഘടനയും നിയമ സംവിധാനങ്ങളുമുള്ള ഒരു രാജ്യമാണ്. കുറ്റകൃത്യങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്. തെലങ്കാന സംസ്ഥാന സര്‍ക്കാരും ഡിജിപിയും അടിയന്തരമായി പത്രസമ്മേളനം നടത്താന്‍ തയ്യാറാകണമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തെലങ്കാന പോലീസിനെ അഭിനന്ദിച്ചു കൊണ്ട് ചില ബിജെപി നേതാക്കള്‍ രംഗത്തെത്തി.

Exit mobile version