ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമില്ല; കേന്ദ്ര ഗതാഗത നിയമത്തെ മറികടന്ന് ഗുജറാത്ത് സര്‍ക്കാര്‍

ഇനിമുതല്‍ ഇവിടെ യാത്രക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍മാത്രം ഹെല്‍മറ്റ് ധരിച്ചാല്‍ മതി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനിമുതല്‍ ഇവിടെ യാത്രക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം ഹെല്‍മറ്റ് ധരിച്ചാല്‍ മതി.

ഗതാഗത നിയമലംഘനത്തിന് കേന്ദ്രം ഏര്‍പ്പെടുത്തിയ കനത്ത പിഴ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. നഗരങ്ങളില്‍ മാത്രമാണ് ഹെല്‍മെറ്റ് നിര്‍ബന്ധമില്ലാത്തത്. എന്നാല്‍ പട്ടണപരിധിക്കുപുറത്തും പഞ്ചായത്ത് പ്രദേശങ്ങളിലും ദേശീയ, സംസ്ഥാന പാതകളിലും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ പിഴയീടാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പൊതുജനങ്ങളില്‍നിന്നുണ്ടായ എതിര്‍പ്പും ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് നഗരങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമല്ലാതാക്കിയതെന്ന് ഗതാഗതമന്ത്രി ആര്‍സി ഫല്‍ദു പറഞ്ഞു. ഹെല്‍മെറ്റ് ധരിക്കുന്നത് മരണവും പരിക്കും കുറയ്ക്കുമെന്നുതന്നെയാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എന്നാല്‍, നഗരവാസികള്‍ക്ക് നിത്യജീവിതത്തില്‍ ഹെല്‍മറ്റുവെച്ച് യാത്രചെയ്യുന്നത് ബുദ്ധിമുട്ടാണ്ടാക്കുന്നുവെന്നും ജനങ്ങളുടെ പ്രതികരണം ചൂണ്ടിക്കാട്ടി മന്ത്രി വ്യക്തമാക്കി.

Exit mobile version