കള്ളപ്പണം വെളുപ്പിക്കൽ: പി ചിദംബരത്തിന് ജാമ്യം; ജയിൽ മോചിതനാകും

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ ഇടപാടിലെ അഴിമതി കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കലും അഴിമതിയും ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട സിബിഐ കേസിൽ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയിൽ മോചിതനാകും. രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആൾജാമ്യവും നൽകാൻ പി ചിദംബരത്തിന് സുപ്രീം കോടതി നിർദേശം നൽകി. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാൻ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

ചിദംബരം തിഹാർ ജയിലിലാണ് നിലവിൽ തടവിലുള്ളത്. ഓഗസ്റ്റ് 21-നാണ് സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബർ 22-ന് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാൻ പോകുന്നത്.

ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഇതേ ബെഞ്ചാണ് ഐഎൻഎക്സ് ഇടപാടിലെ സിബിഐ കേസിലും ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലായിരുന്നു വിധി. ജാമ്യത്തെ എൻഫോഴ്‌സ്‌മെന്റ് ശക്തമായി എതിർത്തു.

Exit mobile version