ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രോപരിതലത്തിൽ; കണ്ടെത്തിയത് ഇന്ത്യൻ ശാസ്ത്രജ്ഞൻ

വാഷിങ്ടൻ: ഇന്ത്യയുടെ സോഫ്റ്റ്‌ലാൻഡിങ് പദ്ധതിയെ തകർത്ത് ചന്ദ്രയാൻ 2 ദൗത്യത്തിനിടെ ചന്ദ്രനിൽ ഇടിച്ചിറങ്ങിയിട്ട് മൂന്ന് മാസം തികയുന്നതിനിടെ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസയാണ് അറിയിച്ചത്. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ഒരു ഉപഗ്രഹമാണ് ലാൻഡർ കണ്ടെത്തിയിരിക്കുന്നത് എന്നാണ് വിവരം.

ലൂണാർ റിക്കനൈസൺസ് ഓർബിറ്റർ (എൽആർഒ) പകർത്തിയ ലാൻഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും നാസ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഏതാനും കിലോമീറ്ററുകൾക്കുള്ളിലായി 24 ഓളം ഇടങ്ങളിലായാണ് അവശിഷ്ടങ്ങൾ കിടക്കുന്നത്. എൽആർഒ സെപ്റ്റംബർ മുതൽ പല പ്രാവശ്യം വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയ്ക്കു മുകളിലൂടെ സഞ്ചരിച്ചു ചിത്രങ്ങൾ പകർത്തിയിരുന്നെങ്കിലും ലാൻഡറിനെപ്പറ്റി വിശദമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല.

ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വേഗ നിയന്ത്രണത്തിലുണ്ടായ തകരാറാണ് വിക്രം ലാൻഡർ ഇടിച്ചിറങ്ങാൻ കാരണമായതെന്ന് ഐഎസ്ആർഒ പറഞ്ഞിരുന്നു. പിന്നീട് വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിഴലുകൾക്കിടയിൽ വീണതിനാലാണ് ലാൻഡറിന്റെ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതെന്ന് നാസയും വിലയിരുത്തിയിരുന്നു.

2019 ജൂലൈ 22നാണ് ജിഎസ്എൽവി എംകെ 3-എം1 റോക്കറ്റിൽ ചാന്ദ്രയാൻ 2 പേടകം വിക്ഷേപിച്ചത്. ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചു. സെപ്റ്റംബർ 2ന് ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടു. സെപ്റ്റംബർ 7നു പുലർച്ചെ 1.55 നായിരുന്നു സോഫ്റ്റ് ലാൻഡിങ് പ്രതീക്ഷിച്ചിരുന്നത്. സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് വിക്രം ലാൻഡറുമായുള്ള ബന്ധം ഓർബിറ്ററിനു നഷ്ടപ്പെട്ടത്.

ലാൻഡിങ് സമയത്തു പേടകത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞതാണു തിരിച്ചടിയായത്. തുടർന്ന് സോഫ്റ്റ് ലാൻഡിങ് സാധിക്കാതെ പേടകം ഇടിച്ചിറങ്ങുകയായിരുന്നു. ഈ ആഘാതത്തിൽ യന്ത്രസംവിധാനം തകർന്നു. ഇതോടെ ഓർബിറ്ററുമായി ബന്ധം പൂർണമായും അറ്റുപോകുകയും ചെയ്തു.

Exit mobile version