പ്രിയങ്ക ഗാന്ധിയുടെ വീട്ടില്‍ വന്‍ സുരക്ഷാ വീഴ്ച: അഞ്ചംഗ സംഘം കാറോടിച്ച് കയറ്റി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വീട്ടില്‍ വന്‍ സുരക്ഷാ വീഴ്ച. പ്രിയങ്കയുടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ വീട്ടിലേക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അഞ്ചംഗ സംഘം കാറോടിച്ച് കയറ്റി.

പ്രിയങ്കയ്ക്ക് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് സുരക്ഷ വീഴ്ച ഉണ്ടായിരിക്കുന്നത്. കാറിലെത്തിയ അഞ്ചംഗ സംഘം പ്രിയങ്കയുടെ വീട്ടിലേക്ക് കാറോടിച്ച് കയറ്റി. നവംബര്‍ 26നാണ് സംഭവം ഉണ്ടായത്. വീട്ടില്‍ പ്രവേശിച്ച സംഘം ഫോട്ടോയെടുത്തതായും പ്രിയങ്കയുടെ ഓഫീസ് വ്യക്തമാക്കി.
സംഭവത്തില്‍ സിആര്‍പിഎഫില്‍ പരാതി നല്‍കിയിട്ടുണ്ട്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നല്‍കിയിരുന്ന എസ്പിജി സുരക്ഷ നവംബര്‍ നാലിന് അവസാനിച്ചിരുന്നു. നിലവില്‍ എല്ലാവര്‍ക്കും ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്. ഇസഡ്-പ്ലസ് സുരക്ഷയ്ക്ക് കീഴില്‍ സിആര്‍പിഎഫ് അര്‍ദ്ധസൈനിക വിഭാഗത്തില്‍ നിന്നുള്ള കമാന്‍ഡോകള്‍ എന്നിവരുടെ കാവല്‍ വീടുകളില്‍ ഉണ്ടാകും. കൂടാതെ രാജ്യത്ത് എവിടെയെങ്കിലും യാത്രചെയ്യുമ്പോഴും കമാന്‍ഡോകളുടെ സുരക്ഷ ഉണ്ടാകും. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാത്രമാണ് എസ്പിജി സുരക്ഷയുള്ളത്.

Exit mobile version