സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ ശക്തമായ നിയമം വേണം; ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് ജയ ബച്ചൻ

ന്യൂഡൽഹി: തെലങ്കാനയിലെ വെറ്റിനറി ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പാർലമെന്റിലും അടിയന്തര ചർച്ച. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉന്നയിച്ച അംഗങ്ങളോടായി സ്ത്രീസുരക്ഷയ്ക്കായി കൂടുതൽ ശക്തമായ നിയമം കൊണ്ടുവരാൻ സർക്കാർ തയ്യാറാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

ബലാൽസംഗക്കുറ്റത്തിന് കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും ആവശ്യപ്പെട്ടു. ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി തീകൊളുത്തിയ സംഭവം പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചയാവുകയായിരുന്നു.

സ്ത്രീകൾക്കുനേരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പാർട്ടിഭേദമില്ലാതെ എംപിമാർ ശക്തമായ ഭാഷയിൽ പ്രതികരണം രേഖപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള എഐഎഡിഎംകെ എംപി വിജില സത്യനാഥ് ഡോക്ടറെ കൊലപ്പെടുത്തിയ നാല് പ്രതികളേയും ഡിസംബർ 31ന് മുമ്പായി തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു. ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് ജയ ബച്ചൻ ആവശ്യപ്പെട്ടു. നിർഭയക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചിട്ടും നടപ്പാക്കാൻ കഴിയാത്ത സാഹചര്യവും എംപിമാർ ചൂണ്ടിക്കാട്ടി.

Exit mobile version