തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം

മഴയില്‍ മേട്ടുപാളയത്ത് മൂന്ന് വീടുകള്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി.

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മഴയില്‍ മേട്ടുപാളയത്ത് മൂന്ന് വീടുകള്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. സ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. മഴയ്ക്ക് ശമനമുണ്ടായില്ലെങ്കില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുവാനും തമിഴ്‌നാട് മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരമേഖലയില്‍ കേന്ദ്രസേനയുടെ സഹായം അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ആറ് തീരദേശ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 1500 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ ഉള്‍പ്പടെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി.

Exit mobile version