ജന്മനാട്ടിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങേകി പറഞ്ഞവാക്ക് പാലിച്ച് ബച്ചന്‍; കര്‍ഷക കടങ്ങള്‍ വീട്ടാനായി ബാങ്കില്‍ അടച്ചത് 40 മില്യണ്‍!

എല്ലാ കര്‍ഷകരെയും മുംബൈയിലെത്തിക്കാനാവില്ലെന്നും 70 ഓളം കര്‍ഷകരെ നേരില്‍ കാണുമെന്നും അതിനായി ഒരു ട്രെയിന്‍ കോച്ചു തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ബച്ചന്‍.

മുംബൈ: നല്‍കിയ വാക്ക് പാലിച്ചും ജന്മനാട്ടിലെ കര്‍ഷകര്‍ക്കായി പുതുജീവിതം സമ്മാനിച്ചും സെലിബ്രിറ്റികള്‍ക്ക് മാതൃകയായി സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. ഏറ്റെടുത്ത കര്‍ഷക വായ്പകള്‍ അടച്ചു തീര്‍ത്താണ് അമിതാഭ് ബച്ചന്‍ കര്‍ഷകരെ സഹായിച്ചിരിക്കുന്നത്. ഇതുവരെ 1398 ഓളം കര്‍ഷകരെ ഏറ്റെടുക്കുകയും കടങ്ങള്‍ വീട്ടുകയും ചെയ്തുവെന്നും അതിനാല്‍ ആത്മനിര്‍വൃതിയുണ്ടെന്നും ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

കര്‍ഷകരെല്ലാം തന്നെ ബച്ചന്റെ ജന്‍മനാടായ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ ഇതിനകം ഏകദേശം മൂന്നു ലക്ഷത്തില്‍പ്പരം കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍. അതിനാല്‍ തന്നെ ബച്ചന്റെ പ്രവര്‍ത്തിയുടെ മഹത്വവും കണക്കാക്കാവുന്നതിനും അപ്പുറമാണ്.

76 കാരനായ ബച്ചന്‍ ഇതുവരെ 40 മില്യണ്‍ രൂപയോളം വായ്പ അടച്ചു തീര്‍ത്തെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് വായ്പ അടച്ചു തീര്‍ത്തതെന്നും ബ്ലോഗില്‍ പറയുന്നു.

എല്ലാ കര്‍ഷകരെയും മുംബൈയിലെത്തിക്കാനാവില്ലെന്നും 70 ഓളം കര്‍ഷകരെ നേരില്‍ കാണുമെന്നും അതിനായി ഒരു ട്രെയിന്‍ കോച്ചു തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ബച്ചന്‍. നവംബര്‍ 26 ന് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ബച്ചന്‍ പറഞ്ഞു. ഈ വര്‍ഷാദ്യം മഹാരാഷ്ട്രയില്‍ നിന്നുമുള്ള 350 കര്‍ഷകരുടെ കടങ്ങള്‍ ബച്ചന്‍ വീട്ടിയിരുന്നു.

Exit mobile version