ഉദ്ധവ് താക്കറെ സര്‍ക്കാറിന് 169 എംഎല്‍എമാരുടെ പിന്തുണ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 എംഎല്‍എമാരുടെ പിന്തുണയാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിന് ലഭിച്ചത്. ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഏറെ ഭാഗ്യമുണ്ടെന്ന് വോട്ടെടുപ്പിന് ശേഷം ഉദ്ധവ് താക്കറെ പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. തുടര്‍ന്ന് ഫഡ്‌നാവിസും ബിജെപി നേതാക്കളും വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്നിറങ്ങിപ്പോയി.

സമ്മേളനം ആരംഭിച്ചപ്പോള്‍ വന്ദേ മാതരം ആലപിച്ചില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഫഡ്‌നാവിസിന്റെ ആരോപണം സഭയില്‍ ബഹളത്തിന് വഴിവെച്ചു. പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സമ്മേളനം നിയമപ്രകാരമാണ് നടക്കുന്നതെന്നും പ്രോടേം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ മറുപടി നല്‍കി.

സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന പതിവ് മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫഡ്‌നാവിസ് സഭയില്‍ വ്യക്തമാക്കി.

Exit mobile version