‘ചിലര്‍ക്ക് അവര്‍ ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന നഗരത്തോട് നന്ദിയുണ്ടാവില്ല’; കങ്കണയ്ക്കെതിരെ ഉദ്ധവ് താക്കറെ

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ പേരെടുത്ത് പറയാതെ ഉദ്ധവ് താക്കറെ കങ്കണയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

‘ചിലര്‍ക്ക് അവര്‍ ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന നഗരത്തോട് നന്ദിയുണ്ടാവും. എന്നാല്‍ ചിലര്‍ക്കത് ഉണ്ടാവില്ല’ എന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്‌ക്കെതിരെ രംഗത്ത് എത്തിയിരുന്നു.

ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കാശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്നായിരുന്നു ശിവസേനാ എംപി സഞ്ജയ് റാവുത്തിന്റെ പ്രതികരണം. അതേസമയം കങ്കണക്കെതിരെയുള്ള തുടര്‍ച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ താരത്തിന് ‘വൈ’ കാറ്റഗറി സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

Exit mobile version