ഇറക്കം കുറഞ്ഞ പാന്റ്‌സ് ധരിച്ചതിന് അധ്യാപകരില്‍ നിന്ന് മര്‍ദ്ദനവും അപമാനവും; 11-ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

മുഴുവന്‍ കുട്ടികളുടെയും മുന്നില്‍ വച്ച് ധനഞ്ജയെ വിവസ്ത്രനാക്കുകയും ചെയ്തുവെന്നും പിതാവ് തിവാരി ആരോപിച്ചു.

ലുദിയാന: ഇറക്കം കുറഞ്ഞ പാന്റ്‌സ് ധരിച്ചതിന് അധ്യാപകര്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ലുദിയാനയിലെ ഗുര്‍മേല്‍ നഗറിലാണ് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധനഞ്ജയയാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് ദിവസം മുമ്പ് അവന്‍ ഇറക്കം കുറഞ്ഞ പാന്റ്‌സ് ധരിച്ചതിന് അധ്യാപകര്‍ ദേഷ്യപ്പെടുകയും ഇത് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് അധ്യാപകര്‍ പ്രിന്‍സിപ്പലിനെ കാര്യം അറിയിക്കുകും ചെയ്തു. ശേഷം പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശ പ്രകാരം അധ്യാപകര്‍ ധനഞ്ജയുടെ തന്നെ ടൈകൊണ്ട് അവന്റെ കൈ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. മുഴുവന്‍ കുട്ടികളുടെയും മുന്നില്‍ വച്ച് ധനഞ്ജയെ വിവസ്ത്രനാക്കുകയും ചെയ്തുവെന്നും പിതാവ് തിവാരി ആരോപിച്ചു.

സംഭവത്തിന് ശേഷം സ്‌കൂളില്‍ പോകാന്‍ ധനഞ്ജയ മടി കാണിച്ചു. കൂടാതെ, അവന്‍ ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും മാതാവ് കമലേഷ് തിവാരി പറയുന്നു. രാത്രിമുറിയിലെത്തിയ കമലേഷ് തിവാരിയാണ് ധനഞ്ജയെ അനക്കമില്ലാതെ കണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരുമാണ് ധനഞ്ജയ് കുമാറിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ റെജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version