വെബ്‌സൈറ്റ് മരണം പ്രവചിച്ചു; കൗമാരക്കാരന്‍ ജീവനൊടുക്കി, വിനയായത് പഠിക്കാന്‍ നല്‍കിയ മൊബൈല്‍

നാസിക്: നാസിക്കിലെ 13 വയസുകാരന്റെ മരണത്തിന് പിന്നില്‍ മരണം പ്രവചിക്കുന്ന വെബ്‌സൈറ്റെന്ന് കണ്ടെത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് നാസിക്കിലെ ജാല്‍ഗാവ് നഗരത്തില്‍ വിദ്യാര്‍ത്ഥിയെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് 13കാരന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. മരണത്തിന് തൊട്ടു മുന്‍പ് മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കൗമാരക്കാരന്‍ സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഈ മൊബൈലിലാണ് കുട്ടി മിക്കപ്പോഴും സമയം ചെലവഴിച്ചിരുന്നതെന്ന് ബന്ധു പൊലീസിനോട് പറഞ്ഞു.

ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാന്‍ പോകാത്ത ഈ കുട്ടി ഏറെ നേരവും മൊബൈലില്‍ പരതുന്ന ശീലമുണ്ടായിരുന്നതായും പറയപ്പെടുന്നു. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പൊലീസിനു ലഭിച്ചത്.

മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കുട്ടി സന്ദര്‍ശിച്ചതായി കണ്ടെത്തി. വെബ്സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

Exit mobile version