ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച് മോഡി; ഉപയോഗിച്ചത് ഫഡ്‌നാവിസിനെ അഭിനന്ദിക്കാൻ ഉപയോഗിച്ച ട്വീറ്റ്; പേര് മാത്രം മാറ്റി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യം അധികാരത്തിലെത്തിയതിനു പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താ്കറെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരാഴ്ച മുമ്പ് ദേവേന്ദ്ര ഫഡ്‌നാവിസിന് ആശംസകളറിയിച്ച അതേവാക്കുകൾ തന്നെ ഉപയോഗിച്ചായിരുന്നു മോഡിയുടെ ട്വീറ്റ്. പേര് മാത്രം എഡിറ്റ് ചെയ്തതും കൗതുകമായി.

നവംബർ 23ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും എൻസിപി നേതാവ് അജിത് പവാറും മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇരുവരെയും അഭിനന്ദിച്ചുള്ള ട്വീറ്റിലെ അതേ വാക്കുകളാണ് പ്രധാനമന്ത്രി ഉദ്ധവ് സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടും കുറിച്ചത്. അന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനും അജിത് പവാറിനും ആയിരുന്നു ആശംസയെങ്കിൽ ഇത്തവണ ഉദ്ധവ് താക്കറെയ്ക്ക് ആണെന്ന് മാത്രം.

‘മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനും അഭിനന്ദനങ്ങൾ. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്ക് വേണ്ടി ഇരുവരും ഏറെ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്’ എന്നായിരുന്നു നവംബർ 23ലെ മോഡിയുടെ ട്വീറ്റ്.

വ്യാഴാഴ്ച ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ മോഡി ഇതേ വാചകങ്ങൾ തന്നെയാണ് കുറിച്ചത്. ട്വീറ്റ് ഇങ്ങനെ ‘മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെജിയ്ക്ക് അഭിനന്ദനങ്ങൾ. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്ക് വേണ്ടി അദ്ദേഹം ഏറെ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്’.

Exit mobile version