ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി ദാദർ; അംബാനിയും ബച്ചനും സംബന്ധിച്ചേക്കും

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി മുട്ടുമടക്കിയതോടെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ് താക്കറെ അൽപസമയത്തിനകം ദാദറിലെ ശിവജി പാർക്കിലാണ് സത്യപ്രതിജ്ഞ ചെയ്യുക. ഉദ്ധവ് താക്കറെയ്ക്ക് പുറമേ കോൺഗ്രസിൽനിന്ന് ബലാസാഹേബ് തോറത്ത്, നിതിൻ റാവത്ത് എന്നിവരും എൻസിപിയിൽനിന്ന് ജയന്ത് പാട്ടീൽ, ചഗ്ഗൻ ബുജ്ബാൽ എന്നിവരും ശിവസേനയിൽനിന്ന് ഏക്‌നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവജി പാർക്കിൽ നടക്കുന്ന ചടങ്ങിൽ പതിനായിരത്തിലധികം പ്രവർത്തകർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായാണ് താക്കറെ കുടുംബത്തിൽ നിന്നും ഒരാൾ മുഖ്യമന്ത്രിയാകുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ, ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, മുകേഷ് അംബാനി, അമിതാഭ് ബച്ചൻ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തിയേക്കും.

ഉദ്ധവ് താക്കറെയ്ക്ക് പുറമേ ആറുപേർ വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, താൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് എൻസിപി നേതാവും മുൻ മന്ത്രിയുമായ അജിത് പവാർ പ്രതികരിച്ചു.

Exit mobile version