സത്യസന്ധതയ്ക്ക് പ്രതിഫലം അപമാനം മാത്രം; വമ്പന്മാരുടെ അഴിമതി തുറന്നുകാട്ടിയ അശോക് ഖേംക ഐഎഎസിന് 53ാം സ്ഥലംമാറ്റം

ചണ്ഡീഗഢ്: വീണ്ടും അശോക് ഖേംക ഐഎഎസിനെ സ്ഥലം മാറ്റി രാഷ്ട്രീയ വൃത്തങ്ങളുടെ ക്രൂരത. അശോക് ഖേംക ഉൾപ്പെടെ 14 ഐഎഎസ് ഉദ്യോഗസ്ഥരെ ഹരിയാന സർക്കാർ സ്ഥലം മാറ്റിയതായാണ് റിപ്പോർട്ട്. ഉന്നതരുടെ അഴിമതി ചൂണ്ടിക്കാണിക്കുന്നതിലൂടെ രാഷ്ട്രീയക്കാരുടെ അപ്രീതി പിടിച്ചുപറ്റിയ ഓഫീസറാണ് അശോക് ഖേംക. 28 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഖേംകയുടെ 53ാമത്തെ സ്ഥലം മാറ്റമാണിത്.

‘വീണ്ടും സ്ഥലം മാറ്റി. വീണ്ടും പഴയതിലേക്ക് മടക്കം. ഭരണഘടനാ ദിനം ഇന്നലെ ആഘോഷിച്ചു. ഇന്ന്, സുപ്രീം കോടതിയുടെ ഉത്തരവും ചട്ടങ്ങളും വീണ്ടും ലംഘിക്കപ്പെട്ടു. ചിലർ സന്തോഷിക്കും. സത്യസന്ധതയ്ക്കുള്ള പ്രതിഫലം അപമാനമാണ്,’ ട്വീറ്ററിലൂടെ അശോക് ഖേംക പ്രതികരിച്ചതിങ്ങനെ.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയുടെ സ്ഥാപനമായ റിയൽ എസ്റ്റേറ്റ് ഭീമൻ ഡിഎൽഎഫ് ഉൾപ്പെട്ട ഒരു ഭൂമി കരാർ റദ്ദാക്കിയതോടെയാണ് 2012 ൽ അശോക് ഖേംകയുടെ പേര് ആദ്യമായി പ്രചരിച്ചത്. കരാർ റദ്ദാക്കിയതിന് ഹരിയാനയിലെ കോൺഗ്രസ് ഭരിക്കുന്ന സർക്കാർ അശോക് ഖേംകയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2014 ൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ സർക്കാർ കുറ്റപത്രം ഉപേക്ഷിച്ചു.

ഏറ്റവും ഒടുവിലത്തെ സ്ഥലം മാറ്റത്തിന് ശേഷം, 1991 ബാച്ച് ഓഫീസറായ അശോക് ഖേംക ഇപ്പോൾ ആർക്കൈവ്‌സ്, ആർക്കിയോളജി, മ്യൂസിയംസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഇദ്ദേഹത്തെ മാർച്ചിൽ കായിക, യുവജനകാര്യ വകുപ്പിൽ നിന്ന് സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

Exit mobile version