മഹാരാഷ്ട്ര: സമയം വേണമെന്ന് ബിജെപിയും വിശ്വാസ വോട്ട് ഉടൻ വേണ്ടെന്ന് ആശ്വസിപ്പിച്ച് സുപ്രീം കോടതിയും; കേസ് നാളെ വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയ ചിത്രം ഇനിയും തെളിഞ്ഞില്ല. സംസ്ഥാനത്ത് അപ്രതീക്ഷിതമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം പിടിച്ച ബിജെപിയും ദേവേന്ദ്ര ഫഡ്‌നാവിസും ഉടൻ വിശ്വാസ വോട്ട് നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തു. ഫഡ്‌നാവിസിന് സർക്കാർ രൂപീകരിക്കാൻ അനുവാദം നൽകിയ മഹാരാഷ്ട്ര ഗവർണറുടെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിരീക്ഷണം. കേസിൽ വാദം പൂർത്തിയായി. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ എല്ലാ ഭരണഘടനാ തത്വങ്ങളും ലംഘിച്ചാണു സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചതെന്നാണു പ്രതിപക്ഷത്തിന്റെ ഹർജിയിലെ പ്രധാന ആരോപണം. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ട്.

എന്നാൽ, കേസിൽ വിധി പറയുന്നതിന് പകരം നാളെ എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് സുപ്രീം കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തും ഫഡ്‌നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നൽകിയ കത്തും നാളെ രാവിലെ 10.30ന് ഹാജരാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്തയോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വിശ്വാസം തെളിയിക്കാൻ മൂന്ന് ദിവസം സമയം വേണമെന്നാണ് ബിജെപിക്ക് വേണ്ടി കോടതിയിൽ ഹാജരായ മുകുൾ റോഹ്ത്തഗി ആവശ്യപ്പെട്ടത്. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ജസ്റ്റിസുമാരായ എൻവി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് അവധി ദിനമായ ഇന്ന് ഹർജി അടിയന്തരമായിവാദം കേട്ടത്.

സുപ്രീം കോടതിയിൽ കൃത്യം പതിനൊന്നരയ്ക്കാണ് വാദം ആരംഭിച്ചത്. ശിവസേനയ്ക്കുവേണ്ടി ഹാജരായ കബിൽ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഞായറാഴ്ച കോടതി ചേരേണ്ടി വന്നതിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു കബിൽ സിബലിന്റെ വാദം തുടങ്ങിയത്. ഗവർണർ മറ്റു ചിലരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത്. ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നും കബിൽ സിബൽ കുറ്റപ്പെടുത്തി. ഇന്നു തന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്ന് കബിൽ സിബൽ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു.

അതേസമയം, ബിജെപിക്ക് വേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗി ഭൂരിപക്ഷം തെളിയിക്കാൻ സമയം വേണമെന്നും ഞായറാഴ്ച ഹർജി കേൾക്കേണ്ടെന്നും വാദത്തിനിടെ ആവശ്യപ്പെട്ടു. എൻസിപിക്ക് വേണ്ടി മനു അഭിഷേക് സിങ്‌വിയാണ് കോടതിയിൽ ഹാജരായത്.

Exit mobile version