മഹാരാഷ്ട്ര: ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ തിരുപ്പതിയില്‍; പ്രതിപക്ഷത്തിന്റെ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് തന്നെ വാദം കേള്‍ക്കില്ലെന്ന് സൂചന. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ ഡല്‍ഹിയില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കാനുള്ള സാധ്യത മങ്ങുന്നത്. നിലവില്‍ തിരുപ്പതി ദര്‍ശനത്തിലാണ് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് നാളെ ഡല്‍ഹിയില്‍ മടങ്ങിയെത്തുമെന്നാണ് വിവരം.

അതെസമയം നേരത്തെ കര്‍ണാടകയില്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ രാത്രിയില്‍ സുപ്രീം കോടതി വാദം കേട്ടിരുന്നു. പുലര്‍ച്ചവരെ വാദം കേട്ടശേഷം വിശ്വാസ വോട്ട് തേടാനായി കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. അതിനാല്‍ അടിയന്തരമായി ഈ ഹര്‍ജിയിലും വാദം കേള്‍ക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

ചീഫ് ജസ്റ്റിസ് ഇല്ലാത്ത സാഹചര്യത്തില്‍ സീനിയോരിറ്റിയില്‍ രണ്ടാമനായ എന്‍വി രമണയാണ് ഹര്‍ജികള്‍ ഏത് ബെഞ്ച് കേള്‍ക്കണമെന്ന് തീരുമാനിക്കുന്നത്. എപ്പോള്‍ കേള്‍ക്കണമെന്ന കാര്യത്തിലും തീരുമാനം എടുക്കേണ്ടത് ജസ്റ്റിസ് രമണയാണ്. ജസ്റ്റിസ് രമണയുടെ തീരുമാനമാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനെതിരെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിരമായി നിയമസഭ വിളിച്ചുകൂട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഇവര്‍ സംയുക്തമായി സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version