പാർട്ടിയും കുടുംബവും പിളർന്നു; മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തോട് പ്രതികരിച്ച് ശരദ് പവാറിന്റെ മകൾ സുപ്രിയ

മുംബൈ: അപ്രതീക്ഷിതമായി എൻസിപി-ബിജെപി സഖ്യം മഹാരാഷ്ട്രയിൽ ഭരണം പിടിച്ചതിന് പിന്നാലെ പ്രതികരണവുമായി എൻസിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. ബിജെപി സർക്കാർ രൂപവത്കരിക്കാൻ ശരദ് പവാറിന്റെ അന്തരവനും എൻസിപി നേതാവുമായ അജിത് പവാർ പിന്തുണ നൽകിയതോടെ പാർട്ടിയും കുടുംബവും പിളർന്നുവെന്നായിരുന്നു സുപ്രിയയുടെ പ്രതികരണം.

വാട്ട്സ് ആപ്പ് സ്റ്റാറ്റസിലൂടെയാണ് സുപ്രിയയുടെ പ്രതികരണം. ശനിയാഴ്ച രാവിലെയാണ് എൻസിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത് പവാർ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ രൂപവത്കരണത്തിന് ചുക്കാൻപിടിച്ച അജിതിന്റെ കാലുവാരൽ മുൻകൂട്ടി കാണാനാകാതെ രാഷ്ട്രീയ നേതൃത്വങ്ങൾ ഞെട്ടലിലാണ്.

അജിത് പവാർ തന്നെ ബിജെപിക്കൊപ്പം ചേർന്നത് സംസ്ഥാന രാഷ്ട്രീയവൃത്തങ്ങളെയും ചിലപ്പോൾ ബിജെപിയെ തന്നെയും ഞെട്ടിച്ചിരിക്കാം. അതേസമയം അജിത്തിന്റെ നീക്കം തന്റെ അറിവോടെ അല്ലെന്നും അജിതിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും ശരദ് പവാർ പ്രതികരിച്ചിരുന്നു.

Exit mobile version