മഹാരാഷ്ട്രയിൽ ശിവസേന സഖ്യസർക്കാർ വന്നാൽ മോഡിയുടെ സ്വപ്‌നം പൊലിയും; ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കില്ല; പണം കർഷകർക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യസർക്കാർ ഭരണത്തിൽ എത്തിയാൽ പ്രധാനമന്ത്രി മോഡിയുടെ സ്വപ്‌നപദ്ധതിയും പൊലിയുമെന്ന് സൂചന. ജപ്പാൻ-ഇന്ത്യ സംയുക്ത സംരംഭമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങുമെന്നാണ് സൂചന.

കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നടപ്പാക്കുന്ന ഒരു ലക്ഷം കോടിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിന്ന് പിന്മാറാനാണ് കോൺഗ്രസ്-എൻസിപി ആലോചനയെന്നും റിപ്പോർട്ടുകളുണ്ട്. മോഡി സർക്കാരിന്റെ വലിയ സ്വപ്‌നവും വാഗ്ദാനവുമാണ് മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ബുള്ളറ്റ് ട്രെയിൻ. ഒരു ലക്ഷം കോടിയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്.

ഇതിൽ 88,000 കോടി 0.1 ശതമാനം പലിശനിരക്കിൽ ജപ്പാൻ വായ്പയായി നൽകും. ധാരണപ്രകാരം 5000 കോടിയാണ് മഹാരാഷ്ട്ര സർക്കാർ ഇതിനായി നൽകേണ്ടത്. എന്നാൽ, ഭരണത്തിലേറിയാൽ ഈ തുക നൽകേണ്ടെന്ന് ചർച്ചകളിൽ തീരുമാനമായെന്നാണ് സൂചന. എൻഡിടിവിയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്. കർഷക ക്ഷേമം, വായ്പ എഴുതി തള്ളൽ തുടങ്ങി അടിയന്തര പ്രാധാന്യത്തോടെ ചെയ്ത് തീർക്കേണ്ട പദ്ധതികൾക്കാവും സർക്കാർ ഊന്നൽ നൽകുകയെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

Exit mobile version