വിദേശ ഇനത്തെക്കാള്‍ മികച്ച പ്രകടനം; ഉത്തരാഖണ്ഡില്‍ പോലീസ് സേനയിലേക്ക് ഇനി തെരുവു നായയും, കയ്യടി

'തെരുവിലൂടെ അലഞ്ഞു തിരിഞ്ഞ് നടന്ന നായയാണിത്. എന്നാല്‍ ഇപ്പോള്‍ ഡോഗ്‌സ്‌ക്വാഡിലെ ഏറ്റവും മിടുക്കനായ അംഗവും ഇവനാണ്'

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ തെരുനായയെ പരിശീലനം നല്‍കി പോലീസ് സ്‌ക്വാഡിലേക്ക് തെരഞ്ഞെടുത്തു. സാധാരണ പോലീസ് സേനയിലേക്ക് ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌സ്, ലാബ്രഡോര്‍ തുടങ്ങിയ വിദേശ ഇനം നായകളെ തിരഞ്ഞെടുക്കുന്ന സ്ഥാനത്താണ് തെരുവുനായയെ പരിശീലിപ്പിച്ച് വിജയം നേടിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പോലീസ്.

റോഡില്‍ അലഞ്ഞു തിരിഞ്ഞ നടന്നിരുന്ന നായ ഇപ്പോള്‍ പോലീസ് സേനയിലാണുള്ളത്. മറ്റു നായക്കളെക്കാള്‍ മികച്ച രീതിയിലാണ് നാടന്‍ നായയുടെ പ്രകടനമെന്നാണ് ഉത്തരാഖണ്ഡ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്. പ്രധാനമായും സ്‌ഫോടകവസ്തുകള്‍ കണ്ടെത്താനും കാവലിനും പ്രതികളെ പിടിക്കാനുമാണ് നായകളെ നിയോഗിക്കാറുള്ളത്.

ഇത് ആദ്യമായിട്ടാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായയെ പരിശീലിപ്പിച്ച് പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കുന്നതെന്നും ഈ നായയാണ് ഇപ്പോള്‍ സേനയുടെ അഭിമാനമായിരിക്കുന്നതെന്നും ഉത്തരാഖണ്ഡ് പോലീസ് ട്വിറ്ററില്‍ കുറിച്ചു. ‘തെരുവിലൂടെ അലഞ്ഞു തിരിഞ്ഞ് നടന്ന നായയാണിത്. എന്നാല്‍ ഇപ്പോള്‍ ഡോഗ്‌സ്‌ക്വാഡിലെ ഏറ്റവും മിടുക്കനായ അംഗവും ഇവനാണ്’.ട്വിറ്ററില്‍ ചിത്രത്തോടൊപ്പം നല്‍കിയ കുറിപ്പാണിത്.

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സ്‌നിഫര്‍ നായകളുടെ ഹര്‍ഡില്‍ റേസില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് തെരുവു നായയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മറ്റു നായകളെക്കാള്‍ എളുപ്പത്തില്‍ തെരുവുനായക്കാണ് ചാടാന്‍ കഴിയുന്നതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ട്വിറ്ററിന് ഒത്തിരി അഭിനന്ദനങ്ങളും കമന്റുകളുമാണ് ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഇത് പോലെ നാടന്‍ ബ്രീടുകളെ തിരഞ്ഞെടുക്കണമെന്നും ചിലര്‍ പറയുന്നു.

Exit mobile version