ആദായ നികുതി വകുപ്പ് റെയ്ഡിനെത്തി നഗരത്തിൽ കറൻസി നോട്ട് മഴയായി പെയ്തിറങ്ങി; അമ്പരന്ന് ജനങ്ങൾ

നോട്ടുകൾ താഴേക്ക് പറന്നു വന്നത് ജനങ്ങൾക്ക് അത്ഭുതമാവുകയായിരുന്നു.

കൊൽക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തിൽ നിന്നും താഴേക്ക് കറൻസി നോട്ടുകൾ മഴയായി പെയ്തിറങ്ങിയത് കണ്ട് അമ്പരന്ന് നഗരവാസികൾ. കൊൽക്കത്തയിലെ ബെന്റിക് സ്ട്രീറ്റിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ നോട്ട് മഴയുണ്ടായത്. വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് നോട്ടുകൾ താഴേക്ക് പറന്നു വന്നത് ജനങ്ങൾക്ക് അത്ഭുതമാവുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

റെയ്ഡിൽ നിന്നും രക്ഷപ്പെടാനായി 2000, 500, 100 എന്നീ നോട്ടുകളുടെ കെട്ടുകൾ ജനാല വഴി താഴേക്കിടുകയായിരുന്നു എന്നാണ് സംശയം. ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് നോട്ടുകൾ താഴേക്കുപേക്ഷിച്ചത്. കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനത്തിൽ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റവന്യൂ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയും നോട്ടുമഴയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന കാര്യം ഔദ്യോഗികവൃത്തം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, നോട്ട് മഴയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

Exit mobile version