ഡാറ്റാ പ്രളയം അവസാനിക്കുന്നു; മൊബൈൽ ഫോൺ സേവന നിരക്കുകൾ ഡിസംബറിൽ വർധിപ്പിച്ചേക്കും; കോടികളുടെ നഷ്ടത്തിൽ ടെലികോം കമ്പനികൾ

കൊച്ചി: സൗജന്യമായും കുറഞ്ഞനിരക്കിലും മൊബൈൽ ഡാറ്റയും ഫോൺ കോളുകളും ലഭിച്ചിരുന്ന ആ സുന്ദരകാലം അവസാനിക്കുകയാണെന്ന സൂചനകൾ പുറത്തെത്തി കഴിഞ്ഞു. ഈ ഡിസംബറിൽ ഇഷ്ടം പോലെ ഡാറ്റ ലഭിച്ചിരുന്ന കാലം അവസാനിച്ചേക്കും. വർഷങ്ങൾക്ക് ശേഷം മൊബൈൽ ടെലികോം രംഗത്ത് നിരക്കുവർധനയ്ക്കു കളമൊരുങ്ങുകയാണ്. സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യമായതിനാൽ എയർടെലും വോഡഫോൺ- ഐഡിയയും ഡിസംബർ ഒന്നുമുതൽ നിരക്കു കൂട്ടുകയാണ്.

വർധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളിൽ എന്നോ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു. റിലയൻസ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എൻഎലും നിരക്കു വർധിപ്പിക്കുമെന്ന സൂചന നൽകിയിട്ടില്ല. സർക്കാരിനു നൽകാനുള്ള കുടിശ്ശിക കൂടി കണക്കിലെടുത്ത്, എയർടെൽ ജൂലൈസെപ്റ്റംബർ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോൺ-ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. വമ്പൻ ഓഫറുകളുമായി രംഗത്തുവന്ന റിലയൻസ് ജിയോയുമായുള്ള കടുത്ത മത്സരമാണ് എയർടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോൺ ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.

ടെലികോം കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാരിനും തലവേദനയാവുകയാണ്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവിൽ ഇളവും മറ്റെന്തെങ്കിലും രക്ഷാപാക്കേജും പ്രതീക്ഷിക്കുകയാണു കമ്പനികൾ.

Exit mobile version