ജെഎൻയു സമരം തുടരുന്നു; വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അധ്യാപകരുടെ പ്രതിഷേധ യോഗം; സമരം തണുപ്പിക്കാൻ ഇന്ന് വീണ്ടും ചർച്ച

ന്യൂഡൽഹി: ജെഎൻയുവിൽ ഇന്നും വിദ്യാർത്ഥികളുടെ സമരം തുടരുന്നു. ഹോസ്റ്റൽ ഫീസ് വർധനയടക്കമുള്ള വിഷയങ്ങളിലാണ് ജെഎൻയു വിദ്യാർത്ഥികളുടെ സമരം തുടരുന്നത്. ഇതിനിടെ വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അധ്യാപക സംഘടനകൾ ഇന്ന് ക്യാംപസിൽ പ്രതിഷേധ യോഗം ചേരും.

ഇന്നലെ, വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ ലോങ് മാർച്ചിനിടെ പോലീസ് മർദ്ദനം അഴിച്ചുവിട്ടിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പോലും പോലീസ് തല്ലിച്ചതച്ചെന്നാണ് അധ്യാപകർ ആരോപിക്കുന്നത്. പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റേയും വിദ്യാർത്ഥികൾ പരിക്കേറ്റ് ചോരയൊലിപ്പിച്ച് നിൽക്കുന്നതിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പടെ നിറയുകയാണ്. അതേസമയം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണങ്ങൾ ഡൽഹി പോലീസ് നിഷേധിച്ചു.

ജെഎൻയുവിലെ വിദ്യാർത്ഥി പ്രക്ഷോഭം പരിഹരിക്കുന്നതിനായി മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് വിദ്യാർത്ഥി യൂണിയനുമായും ജെഎൻയു അധികൃതരുമായും ഹോസ്റ്റൽ പ്രസിഡന്റുമാരുമായും ചർച്ച നടത്തും. വിദ്യാർത്ഥികൾ തിങ്കളാഴ്ച മാനവവിഭവ ശേഷി മന്ത്രാലയത്തിന് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. അതേസമയം, വിദ്യാർത്ഥികൾ നടത്തി വരുന്ന സമരം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Exit mobile version