ഫാത്തിമ ലത്തീഫിന്റെ മരണം; ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി

ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നിലവില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാല്‍ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഐഐടിയുടെ നിലപാട്.

ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിക്ക് ഇ മെയില്‍ വഴിയാണ് ഐഐടി മറുപടി നല്‍കിയത്. എന്നാല്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഐഐടി കാമ്പസില്‍ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ തമിഴ്‌നാട്ടിലെ കോളജ് വിദ്യാര്‍ഥികളും ഐഐടി വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ വള്ളുവര്‍ക്കോട്ടത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തും. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഐഐടി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Exit mobile version