ഹിന്ദുക്കള്‍ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കരുത്, മെഴുകുതിരികള്‍ കത്തിക്കരുത്; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കില്ലെന്നും മെഴുകുതിരി കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മെഴുകുതിരികള്‍ക്കു പകരം മണ്‍ചിരാതുകള്‍ കത്തിക്കണമെന്നും ക്ഷേത്രങ്ങളില്‍ പോയി ശിവനെയും കാളിയെയും പ്രാര്‍ഥിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രസംഗിക്കവേയാണ് ഗിരിരാജ് ഇക്കാര്യ പറഞ്ഞത്. രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ കുട്ടികളെ പഠിപ്പിക്കണം. മിഷനറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സനാതന ധര്‍മത്തിനു പകരം ക്രിസ്ത്യന്‍ ജീവിത രീതിയാണു പഠിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മിഷനറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ നെറ്റിയില്‍ തിലകക്കുറി വരയ്ക്കുന്നത് വേണ്ടെന്ന് അമ്മമാരോട് പറയും. കാരണം അവര്‍ പിന്തുടരുന്നത് ക്രിസ്ത്യന്‍ ജീവിതരീതിയാണ്. എന്നാല്‍ ‘സനാതന ധര്‍മം സംരക്ഷിക്കുന്നതിനായി നമ്മളെല്ലാവരും മുന്നോട്ടുവരണമെന്നും പ്രതിജ്ഞ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ ഹിന്ദുക്കള്‍ കേക്ക് മുറിക്കുന്നത് ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ വിചിത്ര വാദം. ഇത് കൂടാതെ മെഴുകു തിരികള്‍ കത്തിക്കരുതെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു. മെഴുകുതിരികള്‍ക്ക് പകരം മണ്‍ചിരാതുകളില്‍ വെളിച്ചം തെളിയിക്കണമെന്നും മെഴുകുതിരികള്‍ കത്തിക്കില്ലെന്നും നാം പ്രതിജ്ഞ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ പിറന്നാള്‍ ദിനങ്ങളില്‍ നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങള്‍ക്കു മധുരം വിതരണം ചെയ്യുകയും വേണം. കൂടാതെ ക്ഷേത്രങ്ങളില്‍ പോയി ശിവനെയും കാളിയെയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിചിത്ര വാദം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. സംഭവത്തില്‍ നിരവധി പേരാണ് പ്രതികരിച്ചത്.

Exit mobile version