ശവപ്പെട്ടിയില്‍ മദ്യം കടത്താന്‍ ശ്രമിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 20 ലക്ഷം രൂപയുടെ മദ്യം

സംസ്ഥാനത്ത് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു

പാട്‌ന: ബിഹാറില്‍ ശവപ്പെട്ടിയില്‍ മദ്യം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. വ്യാഴാഴ്ച മഞ്ച ചെക്ക് പോസ്റ്റിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നും പഞ്ചാബ് രജിസ്‌ട്രേഷനില്‍ എത്തിയ ശവപ്പെട്ടികള്‍ നിറച്ച ട്രക്ക് ആണ് പോലീസ് പിടിയിലായത്. സംസ്ഥാനത്ത് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.

ചെക്ക് പോസ്റ്റില്‍ വെച്ച് ശവപ്പെട്ടകളുമായി എത്തിയ ട്രക്കിനെ പോലീസ് തടയുകയായിരുന്നു. ട്രക്കിനുള്ളില്‍ ശവപ്പെട്ടിയാണെന്നായിരുന്നു ട്രക്കിന്റെ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ട്രക്കില്‍ കയറി വിശദമായി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ശവപ്പെട്ടില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ മദ്യ കുപ്പികള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ആറ് ശവപ്പെട്ടികളിലായി 20 ലക്ഷം രൂപ വിലവരുന്ന 4,337 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമായിരുന്നു ശവപ്പെട്ടികളില്‍ നിന്ന് കണ്ടെത്തിയത്. പാട്‌നയിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാനുള്ള മദ്യമാണിതെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായും മദ്യം എത്തിക്കുന്നത്.

Exit mobile version