വിദ്യാർത്ഥി പ്രക്ഷോഭം ഫലം കണ്ടു; ജെഎൻയു ഫീസ് വർധന ഭാഗികമായി പിൻവലിച്ചു

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഹോസ്റ്റൽ ഫീസ് വർധന ഭാഗികമായി പിൻവലിച്ചു. വിദ്യാർത്ഥികൾ നടത്തിവന്ന കനത്ത പ്രക്ഷോഭം കണക്കിലെടുത്താണ് സർവകലാശാലയുടെ നടപടി. വിദ്യാർത്ഥികൾ എതിർക്കുന്ന മറ്റ് നിയന്ത്രണങ്ങളിലും മാറ്റം വരുത്തുമെന്ന് എച്ച്ആർഡി സെക്രട്ടറി അറിയിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. ജെഎൻയു എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെതാണു തീരുമാനങ്ങൾ. വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സർക്കാർ ഇടപെടുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ അറിയിച്ചിരുന്നു.

അതേസമയം, ജെഎൻയു എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം നടക്കേണ്ടിയിരുന്ന കൺവെൻഷൻ സെന്റർ രാവിലെ മുതൽ വിദ്യാർത്ഥികൾ ഉപരോധിക്കുകയും ചെയ്തിരുന്നു. വിസി അടക്കമുള്ളവർ യോഗത്തിന് എത്താത്തതിനെ തുടർന്ന് പ്രതിഷേധം അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.

Exit mobile version