‘ഉദ്യോഗസ്ഥഭരണം മന്ത്രിയുടെ കാൽച്ചുവട്ടിൽ’; മധ്യപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥ മന്ത്രിയുടെ കാൽ പിടിക്കുന്ന വീഡിയോ വൈറൽ

ഭോപ്പാൽ: വീണ്ടും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത്. ഒരു സർക്കാർ ജീവനക്കാരി മന്ത്രിയുടെ കാൽ തൊടുന്ന വീഡിയോ വൈറലായതോടെയാണ് കമൽനാഥ് നയിക്കുന്ന സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയത്.

ദെവാസ് മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ സഞ്ജന ജെയിൻ കോൺഗ്രസ് മന്ത്രിസഭയിലെ സജ്ജൻ സിങ് വർമ്മയുടെ കാൽതൊടുന്ന വീഡിയോയാണ് വൈറലായത്. ഒരു ഗുരുദ്വാരയിൽ വെച്ചായിരുന്നു സംഭവം നടന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യൽ മീഡിയ കടുത്ത വിമർശനവുമായി രംഗത്തെത്തുകയും വിഷയം വിവാദമായിരിക്കുകയുമാണ്. ഇതോടെ 24 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ സർക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം.

ഗുരുനാനാക്ക് ജയന്തിയോട് അനുബന്ധിച്ചുള്ള പരിപാടിക്കിടെ മറ്റ് വിശ്വാസികൾ നോക്കിനിൽക്കെയാണ് സജ്ജൻ സിങിന്റെ കാലിൽ സഞ്ജന ജെയിൻ തൊടുന്നത്. മന്ത്രിക്കെതിരെ ‘ഉദ്യോഗസ്ഥഭരണം മന്ത്രിയുടെ കാൽച്ചുവട്ടിലാണ്’ എന്നാണ് ഇപ്പോൾ മന്ത്രിസഭ നേരിടുന്ന ആരോപണം.

Exit mobile version