മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി സഖ്യത്തെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചേക്കും

തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് ന്യൂഡല്‍ഹിയിലെ വസതിയില്‍ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത കോര്‍ കമ്മറ്റി യോഗം ആരംഭിച്ചത്.

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി സഖ്യത്തെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചേക്കും. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.

തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് ന്യൂഡല്‍ഹിയിലെ വസതിയില്‍ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത കോര്‍ കമ്മറ്റി യോഗം ആരംഭിച്ചത്. വീണ്ടും തെരഞ്ഞെടുപ്പു നടത്തുന്നതിനോട് എംഎല്‍എമാര്‍ക്കു യോജിപ്പില്ലെന്ന കാര്യം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തെ അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരും ശിവസേനയെ പിന്തുണച്ചു കൊണ്ടുള്ള സമ്മതപത്രം ഹൈക്കമാന്‍ഡിന് അയച്ചിട്ടുണ്ട്.

ഇതില്‍ 37പേര്‍ സര്‍ക്കാരിന്റെ ഭാഗമാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കര്‍ പദവി ആവശ്യപ്പെടണമെന്നൊരു നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് സേനാ സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുന്നതിന് അനുകൂലമായി യോഗം ധാരണയില്‍ എത്തിയത്.

അതെസമയം മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഇന്നു വൈകുന്നേരം നാലുമണിയോടെ യോഗം ചേരുമെന്നും കോര്‍ കമ്മറ്റി യോഗത്തിനു ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷമാകും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. എന്നാല്‍ എന്‍സിപി-ശിവസേനാ സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കാനുള്ള നീക്കത്തെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ എതിര്‍ത്തെന്നാണ് സൂചന.

Exit mobile version