കോട്ട നമ്മൾ പിടിച്ചു, എന്നാൽ കടുവയെ നഷ്ടപ്പെടുത്തി; മഹാരാഷ്ട്ര ബിജെപിയെ പരിഹസിച്ച് പരേഷ് റാവൽ

മുംബൈ: സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയിൽ സുവർണ്ണാവസരം നഷ്ടപ്പെടുത്തിയ ബിജെപിയെ പരിഹസിച്ച് ബിജെപി അംഗവും നടനുമായ പരേഷ് റാവൽ. മഹാരാഷ്ട്രയിലെ ബിജെപിയുടെ നിലവിലെ അവസ്ഥയെ കുറ്റപ്പെടുത്തിയാണ് പരേഷ് രംഗത്തെത്തയിരിക്കുന്നത്. ‘കോട്ട നമ്മൾ തന്നെ പിടിച്ചു, എന്നാൽ കടുവയെ നഷ്ടപ്പെടുത്തി’ എന്നായിരുന്നു പരേഷിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.

ഛത്രപതി ശിവജി മഹാരാജിന്റെ പ്രശസ്തമായ മറാഠി ഉദ്ധരണിയായ ‘ഞങ്ങൾക്ക് കോട്ട ലഭിച്ചു, പക്ഷേ കടുവയെ നഷ്ടപ്പെട്ടു’ എന്ന അതേ വാക്കുകളാണ് പരേഷും ട്വീറ്റിൽ ഉൾപ്പെടുത്തിയത്.

അതേസമയം, ശിവസേന മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും ആവശ്യമില്ലെന്ന് അറിയിച്ചതോടെയാണ് ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയിൽ പൊളിഞ്ഞത്. പിന്നാലെ, മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി ശിവസേന എൻസിപിയുടെ ഉപാധികൾ അംഗീകരിക്കാമെന്ന് വാക്കും നൽകിയിരിക്കുകയാണ്. ഇതിന്റെ ആദ്യപടിയെന്നോണം എൻഡിഎ സഖ്യത്തിൽ നിന്നും പിന്മാറിയ ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായിരുന്നു സാവന്ത്.

എൻഡിഎ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചർച്ചയില്ലെന്ന് ഇന്നലെ എൻസിപി വ്യക്തമാക്കിയതോടെയാണ് ശിവസേനയുടെ കടുത്ത നീക്കങ്ങൾ. എൻസിപിയാണ് കേന്ദ്രമന്ത്രിസ്ഥാനവും രാജിവെയ്ക്കണമെന്ന ഉപാധി മുന്നോട്ട് വെച്ചത്.

Exit mobile version