മഹാരാഷ്ട്രയിൽ സർക്കാർ: സോണിയ ഗാന്ധിയെ അനുനയിപ്പിക്കാൻ ശിവസേന; ബിജെപി വിരുദ്ധ സർക്കാരിന്റെ ഭാഗമാകണമെന്ന് കോൺഗ്രസ് എംഎൽഎമാരും

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ നിന്നും ബിജെപി പിന്മാറിയതോടെ ഭരണം പിടിക്കാൻ കോൺഗ്രസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി ശിവസേന. പാർട്ടി നേതാവ് സഞ്ജയ് റാവത്ത് സോണിയ ഗാന്ധി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്താനായി ഡൽഹിയിലേക്ക് തിരിച്ചു.

ഡൽഹി യാത്രയ്ക്ക് മുമ്പ് റാവത്ത് മുംബൈയിൽ എൻസിപി നേതാവ് ശരദ് പവാറിനെ കാണും. അതേസമയം മഹാരാഷ്ട്രയിൽ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ബിജെപി മാത്രമാണെന്നും ബിജെപിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് അവരുടെ അഹങ്കാരം കാരണമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഇതിനിടെ ബിജെപി വിരുദ്ധ സർക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എംഎൽഎമാർ കത്തയച്ചു. മഹാരാഷ്ട്ര നേതാക്കളും കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുതിർന്ന നേതാക്കളും ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് നടക്കുകയാണ്. ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് മുംബൈയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിൽ വെച്ചാണ് നടക്കുന്നത്.

മുംബൈയിലെ റിട്രീറ്റ് റിസോർട്ടിൽ ശിവസേന എംഎൽഎമാരും യോഗം ചേർന്നിരുന്നു. എൻസിപി കോർ കമ്മിറ്റി യോഗം രാവിലെ 10 ന് വൈബി ചവാൻ സെന്ററിൽ വെച്ചും ചേർന്നിരുന്നു. യോഗത്തിൽ ശരദ് പവാറും പങ്കെടുത്തു.

Exit mobile version