സുഹ്‌റബുദ്ദീനെ കൊല്ലുന്നത് നേരിട്ടു കണ്ടു, ഹിന്ദുവായതു കൊണ്ട് എന്നെ കൊന്നില്ല! എട്ടു വര്‍ഷത്തിനു ശേഷമുള്ള സഹോദരന്‍ റുബാബുദ്ദീന്റെ മൊഴിയില്‍ സിബിഐയ്ക്ക് കുരുക്ക്

മുംബൈയിലെ പ്രത്യേക സിബിഐ കോടതി മുന്‍പാകെ നടക്കുന്ന കേസിന്റെ വിചാരണയ്ക്കിടെയാണ് റുബാബുദ്ദീന്റെ മൊഴി.

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുഹ്റബുദ്ദീന്‍ ശൈഖിനെയും തുല്‍സിറാം പ്രജാപതിയെയും കേസില്‍ നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നിര്‍ണ്ണായക മൊഴി നല്‍കി സുഹ്റബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍. കാലങ്ങള്‍ കഴിഞ്ഞുള്ള വെളിപ്പെടുത്തലില്‍ കുരുക്ക് മുറുകുന്നത് സിബിഐയ്ക്കാണ്. എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്ന പഴയ മൊഴിയില്‍ നിന്നും മാറ്റമില്ലെന്നും ആ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും റുബാബുദ്ദീന്‍ പറയുന്നു.

മുംബൈയിലെ പ്രത്യേക സിബിഐ കോടതി മുന്‍പാകെ നടക്കുന്ന കേസിന്റെ വിചാരണയ്ക്കിടെയാണ് റുബാബുദ്ദീന്റെ മൊഴി. സുഹ്റബുദ്ദീനെ തന്റെ മുന്നില്‍വച്ചാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതെന്നും അത് വ്യാജ ഏറ്റുമുട്ടലാണെന്നും പ്രജാപതി തന്നോടു പറഞ്ഞതായും റുബാബുദ്ദീന്‍ കോടതിയില്‍ മൊഴി നല്‍കി. കേസ് ശരിയായ വിധത്തില്‍ അന്വേഷിക്കാതെ പ്രതികളെ സഹായിക്കുകയാണ് സിബിഐ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ സിബിഐയ്ക്കും കുരുക്ക് മുറുകുകയാണ്. കോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ സമണ്‍സുകള്‍ക്കൊടുവിലാണ് റുബാബുദ്ദീന്‍ കേസില്‍ സജീവമായത്.

‘2005 നവംബര്‍ അവസാനമാണ് സുഹ്റബുദ്ദീന്‍ കൊല്ലപ്പെടുന്നത്. അതുകഴിഞ്ഞ് ഒരുമാസത്തിനുശേഷമാണ് താന്‍ പ്രജാപതിയെ കണ്ടത്. രാജസ്ഥാനിലെ ഉജ്ജയ്ന്‍ ജയിലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആ കൂടിക്കാഴ്ചയില്‍ സുഹ്റബുദ്ദീനു സംഭവിച്ച ദുരന്തം പ്രജാപതി വിശദീകരിച്ച് തന്നു. സുഹ്റബുദ്ദീനെ കൊലപ്പെടുത്തുമ്പോള്‍ ഞാനും കൂടിയുണ്ടായിരുന്നുവെന്നു പ്രജാപതി പറഞ്ഞു. എങ്കില്‍ എന്തുകൊണ്ടാണ് നിന്നെ കൊലപ്പെടുത്താത്തതെന്നു ഞാന്‍ ചോദിച്ചു. മുസ്ലിമായതിനാല്‍ സുഹ്റബുദ്ദീനെ തീവ്രവാദിയായി മുദ്രകുത്താന്‍ കഴിയുമെന്നും ഞാന്‍ ഹിന്ദുവായതിനാല്‍ അതിനു കഴിയില്ലെന്നും പ്രജാപതി മറുപടി പറഞ്ഞുവെന്നും റുബാബുദ്ദീന്‍ മൊഴിനല്‍കി.

ഹൈദരാബാദിലെ സുഹൃത്തിന്റെ വീട്ടിലേക്കു ഭാര്യ കൗസര്‍ബിക്കൊപ്പം ചെറിയപെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു സുഹ്റബുദ്ദീന്‍. മടക്കത്തിനിടെ മുംബൈയില്‍ വച്ച് സുഹ്റബുദ്ദീന്‍ സഞ്ചരിക്കുകയായിരുന്ന ബസ്സിനു മുന്നില്‍ രണ്ടുവാനുകള്‍ വിലങ്ങിട്ട് അദ്ദേഹത്തെയും ഭാര്യയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇരുവരെയും പിന്നീട് ഗുജറാത്തിലേക്കു കൊണ്ടുവന്നു. ഈ സമയം വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. രണ്ടുദിവസം കഴിഞ്ഞ് മറ്റൊരു സഹോദരന്‍ വളിച്ചു പറഞ്ഞപ്പോഴാണ് സുഹ്റബുദ്ദീന്‍ അഹമ്മദാബാദില്‍ വച്ചു കൊല്ലപ്പെട്ടതായി അറിഞ്ഞത്.

തട്ടിക്കൊണ്ടുപോവുമ്പോള്‍ ഗര്‍ഭിണിയായിരുന്നു കൗസര്‍ബി. അവരെ ബലാല്‍സംഗം ചെയ്ത ശേഷമാണ് അവര്‍ കൊന്നത്. പിന്നീട് തെളിവുകളും ഇല്ലാതാക്കിയെന്നും റുബാബുദ്ദീന്‍ വിശദീകരിച്ചു. ഗുജറാത്തിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹിരണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത് സുഹ്റബുദ്ദീന്‍ ആണെന്ന അധോലോക നായകന്‍ അസംഖാന്റെ ആരോപണം തെറ്റാണെന്നും റുബാബുദ്ദീന്‍ പറഞ്ഞു. ഖാന്‍ ഏറെക്കാലം പോലീസ് കസ്റ്റഡിയിലായിരുന്നു. ഈ കേസ് വഴിതിരിച്ചുവിടാന്‍ അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദമുണ്ട്. കേസില്‍ അസംഖാന്റെ മിക്ക മൊഴികളും റുബാബുദ്ദീന്‍ നിഷേധിക്കുകയോ തെറ്റാണെന്നു പറയുകയോ ചെയ്തു.

Exit mobile version