അയോധ്യ വിധി സ്വാഗതം ചെയ്യുന്നു, ദശാബ്ദങ്ങളായി നീണ്ടുനിന്ന തര്‍ക്കത്തിന് പരിഹാരമായി, സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കൂ; അരവിന്ദ് കെജരിവാള്‍

മുസ്ലിങ്ങള്‍ക്ക് ആരാധന നടത്തുവാനായി അഞ്ച് ഏക്കര്‍ സ്ഥലവും വിട്ടു നല്‍കണമെന്ന് വിധിയില്‍ പറയുന്നുണ്ട്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ചരിത്ര വിധി വന്നതിനു പിന്നാലെ നിരവധി പേരാണ് വിധിയെ അനുകൂലിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ വിധിയെ സ്വാഗതം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കാലങ്ങളായുള്ള തര്‍ക്കത്തിന് ഇന്ന് അവസാനമായിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

‘എല്ലാ പാര്‍ട്ടികളുടെയും വാദങ്ങള്‍ കേട്ടതിനു ശേഷമാണ് സുപ്രീംകോടതിയിലെ അഞ്ചു ജഡ്ജിമാരടങ്ങിയ ബെഞ്ച് ഇന്ന് ഏകകണ്ഠമായി വിധി പറഞ്ഞത്. സുപ്രീംകോടതിയുടെ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ദശാബ്ദങ്ങളായി നീണ്ടുനിന്ന തര്‍ക്കത്തിനാണ് ഇന്ന് സുപ്രീംകോടതി തീരുമാനമായിരിക്കുന്നത്. വര്‍ഷങ്ങളായി നീണ്ടു നിന്ന തര്‍ക്കം ഇന്ന് അവസാനിച്ചിരിക്കുകയാണ്. സമാധാനവും ഐക്യവും കാത്തു സൂക്ഷിക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’. കെജരിവാള്‍ ട്വീറ്റ് ചെയ്തു.

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധിയെ തള്ളിയാണ് ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. മുസ്ലിങ്ങള്‍ക്ക് ആരാധന നടത്തുവാനായി അഞ്ച് ഏക്കര്‍ സ്ഥലവും വിട്ടു നല്‍കണമെന്ന് വിധിയില്‍ പറയുന്നുണ്ട്.

Exit mobile version