അയോധ്യ വിധി പ്രസ്താവിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ വർധിപ്പിച്ചു; ഗൊഗോയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ

ന്യൂഡൽഹി: പ്രമാദമായ അയോധ്യ കേസിൽ വിധി പറയാനിരിക്കെ വിധി പ്രസ്താവിക്കുന്ന സുപ്രീം കോടതി ജഡ്ജിമാർക്കുള്ള സുരക്ഷ വർധിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പടെയുള്ളവരുടെ സുരക്ഷയാണ് വർധിപ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയായാണ് വർധിപ്പിച്ചത്. കേസിൽ വിധി പറയുന്ന അഞ്ചംഗ ഭരണഘടന ബെഞ്ച് തലവനും ഗൊഗോയ് ആണ്.

വിധി പറയുന്ന ഭരണഘടന ബെഞ്ചിലെ മറ്റംഗങ്ങളായ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ വ്യക്തികൾക്ക് നൽകുന്ന ഏറ്റവും ഉന്നത സുരക്ഷ കാറ്റഗറിയാണ് സെഡ് പ്ലസ്. വെള്ളിയാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് യുപി ചീഫ് ജസ്റ്റിസ്, ഡിജിപി എന്നിവരുമായി സുരക്ഷ ക്രമീകരണം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

തർക്കഭൂമിക്ക് ഒന്നര കിലോമീറ്ററിനുള്ളിൽ ആർക്കും പ്രവേശനമില്ല. രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് വിധിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ളത്. തർക്ക ഭൂമിയിൽ മാത്രം 5000 സുരക്ഷാ ഭടൻമാരെ നിയോഗിച്ചിട്ടുണ്ട്.

Exit mobile version