മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. ഫഡ്നാവിസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.

കാവല്‍ മന്ത്രിസഭയുടെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് ഫഡ്നാവിസ് രാജി സമര്‍പ്പിച്ചത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം തന്നെ മുഖ്യമന്ത്രിയാകാന്‍ അനുവദിച്ചെന്നും അതില്‍ താന്‍ സന്തുഷ്ടനാണെന്നും രാജിക്കത്ത് കൈമാറിയ ശേഷം ഫഡ്‌നാവിസ് പ്രതികരിച്ചു. രാജി ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജിവച്ച ഫഡ്നാവിസ് ശിവസേനയെ രൂക്ഷമായി വിമര്‍ശിച്ചു. ശിവസേനയ്ക്ക് താല്‍പര്യം പ്രതിപക്ഷത്തോടാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബിജെപിയുമായി ചര്‍ച്ച നടത്താതെ എന്‍സിപിയുമായി ചര്‍ച്ച നടത്തിയതിനാണ് വിമര്‍ശനം.

ഉദ്ദവ് താക്കറെയുമായി പലതവണ ചര്‍ച്ച നടത്താന്‍ ശ്രമിട്ടുവെന്ന് പറഞ്ഞ ഫഡ്നാവിസ്, ഉദ്ദവ് താക്കറെ ഒരിക്കലും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയും ശിവസേനയും മുന്നണിയായി മത്സരിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ചര്‍ച്ച നടത്തിയത് പ്രതിപക്ഷ പാര്‍ട്ടികളുമായി മാത്രമാണെന്ന് ഫഡ്നാവിസ് ആരോപിച്ചു.

ഇതിനിടെ ശിവസേനയുടെ നിലപാട് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് വിലങ്ങുതടിയായി തുടരുകയാണ്. ആര് സര്‍ക്കാരുണ്ടാക്കുമെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

Exit mobile version