ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് ചെലവാക്കിയത് 13 കോടി രൂപ; സിപിഎം രാജ്യമാകെ ചെലവഴിച്ചത് 73.1 ലക്ഷം; കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

820 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവാക്കിയത്.

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. പാര്‍ട്ടികള്‍ നല്‍കിയ വിവരമനുസരിച്ച് കോണ്‍ഗ്രസാണ് ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചെലവുകളും ഉള്‍പ്പെടുത്തിയാണ് കണക്ക് പുറത്തുവിട്ടത്.

820 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവാക്കിയത്. അതെസമയം ബിജെപി കണക്കുകള്‍ നല്‍കിയിട്ടില്ല. കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് ചിലവഴിച്ചത് 13 കോടി രൂപയാണ്. സിപിഎം രാജ്യമാകെ 73.1 ലക്ഷം രൂപയാണ് ചെലവാക്കിയത്. ദേശീയപാര്‍ട്ടികളില്‍ സിപിഎമ്മാണ് ഏറ്റവും കുറവ് പണം ചെലവാക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ഇരട്ടി തുകയാണ് കോണ്‍ഗ്രസ് ഇത്തവണ ചിലവാക്കിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ 516 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവാക്കിയത്. പ്രചാരണ പരസ്യത്തിനായി 356 കോടി, പോസ്റ്ററുകള്‍ക്ക് 47 കോടി, പ്രചാരകരുടെ ഗതാഗത ചെലവ് 86.82 കോടി എന്നിങ്ങനെയാണ് ചെലവായ തുക. ഛത്തിസ്ഗഢ്(40 കോടി), ഒഡിഷ (40 കോടി), യുപി(36 കോടി), മഹാരാഷ്ട്ര 18 കോടി), ബംഗാള്(15 കോടി) എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍.

573 കോടി രൂപ ചെക്കായും കറന്‍സിയായി 14.33 കോടിയും ചെലവാക്കിയെന്നാണ് സത്യവാങ്മൂലത്തില്‍ കോണ്‍ഗ്രസ് പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്(83.6 കോടി), ബിഎസ്പി(55.4 കോടി), എന്‍സിപി(72.3 കോടി) എന്നിവരാണ് കോണ്‍ഗ്രസിന് പിന്നിലുള്ള പാര്‍ട്ടികള്‍

Exit mobile version