എട്ട് വർഷമായി ക്ഷേത്രനടയിൽ ഭിക്ഷാടനം; വൃദ്ധയുടെ അക്കൗണ്ടിലുള്ളത് രണ്ട് ലക്ഷം; കൈവശം പന്ത്രണ്ടായിരം രൂപയും ക്രെഡിറ്റ് കാർഡും; ഞെട്ടി നാട്ടുകാർ

പുതുച്ചേരി: ക്ഷേത്രനടയിൽ ആരോരുമില്ലാതെ എട്ടു വർഷമായി അഭയാർത്ഥിയെ പോലെ കഴിഞ്ഞിരുന്ന വൃദ്ധയുടെ ബാങ്ക് ബാലൻസ് കണ്ട് നാട്ടുകാർക്കും അധികൃതർക്കും ഞെട്ടൽ. ഭിക്ഷയെടുത്ത് നിത്യജീവിതം നയിക്കുന്ന പാർവ്വതമെന്ന പുതുച്ചേരിയിലെ ഈ വയോധികയുടെ ബാങ്ക് അക്കൗണ്ടിൽ 2 ലക്ഷം രൂപ നിക്ഷേപമാണ് കണ്ടെത്തിയത്. എഴുപതുകാരിയായ പാർവ്വതത്തിന്റെ അക്കൗണ്ടിലെ പണം പുതുച്ചേരി ക്ഷേത്ര അധികൃതരാണ് കണ്ടെത്തിയത്.

ബാങ്ക് അക്കൗണ്ടിലെ 2 ലക്ഷം രൂപയ്ക്ക് പുറമെ വൃദ്ധയായ ഈ ഭിക്ഷാടകയുടെ കൈയ്യിൽ 12,000 രൂപയുമുണ്ട്. മാത്രമല്ല, സ്വന്തമായി ക്രെഡിറ്റ് കാർഡും ആധാർ കാർഡും ഉണ്ട്. അവശനിലയിൽ ക്ഷേത്രത്തിനു പുറത്ത് ഭക്തരിൽ നിന്നും ഭിക്ഷ യാചിക്കുന്ന നിലയിലാണ് ഇവരെ തങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.

അവശയായതിനെ തുടർന്ന് തമിഴ്‌നാട്ടിലെ കല്ലികുറിച്ചി സ്വദേശിയായ പാർവ്വതത്തെ ബന്ധുക്കൾക്ക് കൈമാറിയതായും സഹോദരന്റെ സംരക്ഷണത്തിലാണ് അവർ ഇപ്പോഴുള്ളതെന്നും എസ്പി മാരൻ വ്യക്തമാക്കി.

പാർവ്വതത്തിന്റെ ഭർത്താവ് 40 വർഷം മുമ്പ് മരിച്ചു പോയതാണ്. അന്നുമുതൽ പുതുച്ചേരിയിലെ തെരുവോരങ്ങളിൽ അലഞ്ഞ് ഭിക്ഷയെടുത്താണ് ഇവരുടെ ജീവിതം. എട്ടു വർഷത്തോളമായി ക്ഷേത്രനടയിലാണ് പാർവ്വതം അന്തിയുറങ്ങുന്നതെന്നും ആളുകൾ നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തുന്നതെന്നും ക്ഷേത്രത്തിനു സമീപമുള്ള വ്യാപാരി പറയുന്നു. ഇവർ ഭിക്ഷയെടുത്ത് സമ്പാദിച്ചതാകാം ഈ തുകയെന്നാണ് നിഗമനം.

Exit mobile version