ആക്രമിക്കാനെത്തിയ അഭിഭാഷകരോട് കൈകൂപ്പി അഭ്യര്‍ത്ഥിച്ച് പോലീസ് ഉദ്യോഗസ്ഥ; ഡല്‍ഹി കോടതിയിലെ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി തീസ് ഹാരിസ് കോടതി പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അഭിഭാഷകര്‍ ചേര്‍ന്ന് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഘര്‍ഷം ആളിക്കത്തുന്നതിനിടെ ആക്രമിക്കാനായി എത്തിയ അഭിഭാഷകരോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്ന നോര്‍ത്ത് ഡിസിപി മോനിക്ക ഭരദ്വാജിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

അക്രമം വ്യാപിക്കുകയും വാഹനങ്ങള്‍ക്കു തീയിടുകയും ചെയ്തതിനിടയിലാണ് അഭിഭാഷകര്‍ കൂട്ടത്തോടെ പോലീസുദ്യോഗസ്ഥയെ ആക്രമിക്കാനെത്തിയത്. അതിനിടെയാണ് മോനിക്ക ഭരദ്വാജ് അഭിഷാകരോട് കൈകൂപ്പി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ അഭിഭാഷകര്‍ മുന്നോട്ട് നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് കോടതി വളപ്പില്‍ ഒരു സംഘര്‍ഷമുണ്ടാവാനിടയാക്കിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു.

Exit mobile version