അയോധ്യ വിധിക്ക് മുമ്പെ സുരക്ഷ കർശ്ശനം; വിലയിരുത്തി ചീഫ് ജസ്റ്റിസ്; റെയിൽവേയും ജാഗ്രതയിൽ

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ രാജ്യത്ത് കനത്ത സുരക്ഷാ മുന്നൊരുക്കങ്ങൾ. വിധി പ്രസ്താവനയ്ക്ക് മുന്നോടിയായി സുരക്ഷ സംബന്ധിച്ച സർക്കാർ-സർക്കാരിതര ഇടപെടലുകൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിലയിരുത്തും. ഇതിന്റെ ഭാഗമായി യുപി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി. ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ വെച്ച് കൂടിക്കാഴ്ച നടത്തും.

അതേസമയം, സുപ്രധാന വിധിയിൽ രാജ്യം കനത്ത സുരക്ഷാവലയമാണ് ഒരുക്കുന്നത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. പ്രശ്‌ന ബാധിത മേഖലകളിൽ പോലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകൾ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ തന്നെ കേന്ദ്രമന്ത്രിമാർക്കു കർശന നിർദേശം നൽകിയിട്ടുണ്ട്.

യുപിയിലേക്ക് 4,000 അർധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അയോധ്യ ഉൾപ്പെടുന്ന മേഖലയിൽ സമൂഹമാധ്യമ ഉപയോഗത്തിനടക്കം ഡിസംബർ 28 വരെ കർശന നിയന്ത്രണങ്ങളുണ്ട്.

റെയിൽവേ മന്ത്രാലയം എല്ലാ സോണുകളിലേക്കും ഏഴുപേജുള്ള സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ നൽകി. സ്റ്റേഷനുകൾ, പ്ലാറ്റ്‌ഫോമുകൾ, തുരങ്കങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരന്തര പരിശോധന നടത്തും. റെയിൽവേ സുരക്ഷാസേനാംഗങ്ങളുടെ അവധി റദ്ദാക്കി. മെട്രോ നഗരങ്ങളിലടക്കം 78 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ കാവലൊരുക്കിയിട്ടുണ്ട്. സ്‌കാനറുകൾ, സിസിടിവി ക്യാമറകൾ എന്നിവയുടെ തകരാറുകൾ അടിയന്തരമായി പരിഹരിക്കുകയും ചെയ്തു.

Exit mobile version