കോടതി പരിസരത്തെ പോലീസ്-അഭിഭാഷക ഏറ്റുമുട്ടൽ; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി

ന്യൂഡൽഹി: ഡൽഹിയിലെ തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കൂടുതൽ നടപടികൾ. സംഘർഷത്തെ തുടർന്ന് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സ്‌പെഷൽ കമ്മീഷണർ സഞ്ജയ് സിങ്, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരേന്ദർ കുമാർ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.

സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പിൽ സ്‌പെഷൽ കമ്മീഷണർ ആയും റെയിൽവേ ഡിസിപി ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്. റെയിൽവേ ഡിസിപി ദിനേശ് കുമാർ ഗുപ്തയെ ഉത്തരമേഖലാ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ നിർദേശിച്ചിരുന്നു.

നവംബർ രണ്ട് ശനിയാഴ്ച ഒരു അഭിഭാഷകന്റെ വാഹനത്തിൽ പോലീസ് വാഹനം തട്ടിയതും പാർക്കിങിനെ ചൊല്ലിയുള്ള തർക്കവുമാണ് ഡൽഹി തീസ് ഹസാരി കോടതിവളപ്പിൽ അഭിഭാഷകരും പോലീസും ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങൾ നയിച്ചത്. അഭിഭാഷകർ പോലീസ് വാഹനങ്ങളും ബൈക്കുകളും കത്തിച്ചു. കോടതിവളപ്പിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരെയും അഭിഭാഷകർ മർദ്ദിക്കുകയും ക്യാമറകൾ നശിപ്പിക്കുകയും മൊബൈലുകൾ തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരു അഭിഭാഷകന് വെടിയേൽക്കുകയും ചെയ്തു.

Exit mobile version