സമൂഹമാധ്യമങ്ങളില്‍ മോഡിയെ അധിക്ഷേപിക്കുന്ന ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

നോയിഡയിലെ യാക്കൂബ്പൂര്‍ ഗ്രാമവാസിയായ ജാവേദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

നോയിഡ: സമൂഹമാധ്യമങ്ങളില്‍ നരേന്ദ്ര മോഡിയെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള ചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയില്‍. നോയിഡയിലെ യാക്കൂബ്പൂര്‍ ഗ്രാമവാസിയായ ജാവേദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നാഗല ബസ്റ്റാന്റിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

മോഡിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ഇയാള്‍ക്കെതിരെ തിങ്കളാഴ്ച പരാതി ലഭിച്ചിരുന്നുവെന്നും ഇതേതുടര്‍ന്നാണ് അറസ്റ്റ് ചെയ്തത് എന്നുമാണ് പോലീസ് വ്യക്തമാക്കിയത്. അപകീര്‍ത്തി, വിവരസാങ്കേതിക നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പോലീസ് ജാവേദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുവാവിന്റെ പക്കല്‍ നിന്ന് ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Exit mobile version