അയോധ്യ കേസ് വിധിയിൽ സംയമനം പാലിക്കണമെന്ന് ബിജെപി; വൈകാരിക പ്രകടനങ്ങൾ പാടില്ലെന്ന് കർശ്ശന നിർദേശം

അയോധ്യ: വിവാദ അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ പാർട്ടി അണികളും വക്താക്കളും വൈകാരികമായി ഇടപെടരുതെന്ന് നിർദേശിച്ച് ബിജെപി ദേശീയ നേതൃത്വം. കേസിന്റെ വിധിയിൽ സംയമനം പാലിക്കണമെന്നും കോടതിവിധിയെക്കുറിച്ച് വികാരപരമായ പ്രസ്താവനകളോ അഭിപ്രായപ്രകടനങ്ങളോ നടത്താൻ പാടില്ലെന്നുമാണ് രാജ്യമെങ്ങുമുള്ള പാർട്ടിവക്താക്കളും നേതാക്കളും പങ്കെടുത്ത പ്രത്യേകയോഗത്തിൽ ദേശീയനേതൃത്വം നൽകിയ നിർദേശം.

ആർഎസ്എസും പ്രവർത്തകർക്ക് സമാനമായ നിർദേശം നൽകിയിരുന്നു. അയോധ്യയിലും പ്രദേശത്തെ ക്രമസമാധാനനില നിയന്ത്രണവിധേയമാക്കുന്നതിനായി അയോധ്യാ ജില്ലാ ഭരണകൂടം പ്രത്യേക പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു. പൗരന്മാർ ജാഗ്രത പുലർത്തണമെന്നും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയോ ലൈക്ക് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും ജില്ലാ കളക്ടർ അനുജ് കുമാർ ഝാ നിർദേശിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം പരിഗണിച്ച് അലിഗഢ് മുസ്‌ലിം സർവകലാശാലയും കർശനനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ആയുധങ്ങൾ കൈവശം വെക്കുന്നതിൽനിന്നും കൂട്ടംചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്നും വിലക്ക് ലംഘിക്കുന്നവരുടെ മേൽ ദേശീയ സുരക്ഷാ നിയമ (എൻഎസ്എ)പ്രകാരം കേസെടുക്കുമെന്നും ഉത്തർപ്രദേശ് ഡിജിപി ഒപി സിങ് പറഞ്ഞു.

Exit mobile version