ഡൽഹിയിലെ വായു മലിനീകരണത്തിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായ ഡൽഹിയിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഡൽഹിയിലെ ജനങ്ങൾക്ക് വായുമലിനീകരണം മൂലം അവരുടെ ജീവിതത്തിലെ വിലയേറിയ വർഷങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

വായുമലിനീകരണ വിഷയത്തിൽ ഒരു ന്യായവും കേൾക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി പറഞ്ഞു. ഡൽഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിലെ അംഗങ്ങളാണ് ഈ പരാമർശം നടത്തിയത്.

വീടിനുള്ളിൽ പോലും ആരും സുരക്ഷിതരല്ല, ഇത് ദാരുണമാണ്. ഒരു പരിഷ്‌കൃത രാജ്യത്ത് ഇങ്ങനെ സംഭവിക്കാൻ പാടുള്ളതല്ല. എന്തുകൊണ്ടാണ് ആളുകൾ ഇപ്പോഴും വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങൾ കത്തിക്കുന്നത്? സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നുമില്ല ബെഞ്ച് അംഗം ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എല്ലാവർഷവും ഡൽഹിക്ക് ശ്വാസം മുട്ടുന്നത് ദൗർഭാഗ്യകരമാണ്. മലിനീകരണം തടയുന്നിൽ അധികാരികൾ പരാജയപ്പെട്ടു. അവർ ജനങ്ങളെ മരിക്കാൻ വിട്ടുവെന്നും കോടതി കൂട്ടിച്ചേർത്തു. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഉടൻ നിർത്തണം. ഇത് നിർത്തലാക്കാൻ എല്ലാ സംസ്ഥാനങ്ങളും സാധ്യമായ മുഴുവൻ നടപടി കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു.

Exit mobile version