അന്തരീക്ഷ മലിനീകരണം ചെന്നൈ നഗരത്തെയും ബാധിക്കും; കേരളത്തിന് ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധര്‍

ഡല്‍ഹിയില്‍ നിന്നുള്ള കാറ്റിന്റെ ഗതി ചെന്നൈയിലേക്ക് എത്തുന്നത് കൊണ്ടാണ് ചെന്നൈ, തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ എന്നിവ വായുമലിനീകരണത്തിന് സാധ്യത രേഖപ്പെടുത്തുന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന വായു മലിനീകരണം ചെന്നൈ നഗരത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നുള്ള കാറ്റിന്റെ ഗതി ചെന്നൈയിലേക്ക് എത്തുന്നത് കൊണ്ടാണ് ചെന്നൈ, തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ എന്നിവ വായുമലിനീകരണത്തിന് സാധ്യത രേഖപ്പെടുത്തുന്നത്. കൂടാതെ, സാധാരണ ഗതിയില്‍ വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്ന ചെന്നൈയില്‍ മഴയില്ലാത്തതും വായു മലിനീകരണത്തോത് വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ പകല്‍ സമയങ്ങള്‍ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും വൈകുന്നേരങ്ങളിലും രാത്രിയിലും മഴ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കേരളത്തെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി ഡല്‍ഹി നഗരത്തില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. നവംബര്‍ അഞ്ച് വരെ നോയിഡയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ മലിനീകരണത്തിലൂടെയാണ് ഡല്‍ഹി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ഓഫീസ് സമയം പുനക്രമീകരിച്ചും, വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് സര്‍ക്കാരും ജനങ്ങളും ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

Exit mobile version