രാജ്യവ്യാപകമായി ഇൻഡിഗോയുടെ സെർവർ തകരാറിലായി; വലഞ്ഞ് യാത്രക്കാർ; വിമാനങ്ങൾ വൈകിയേക്കും

ന്യൂഡൽഹി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാന കമ്പനിയുടെ സെർവറുകൾ തകരാറിലായതോടെ യാത്രക്കാർ ക്ലേശത്തിൽ. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലും ഇൻഡിഗോ യാത്രക്കാർക്ക് ചെക്ക് ഇൻ അടക്കമുള്ള നടപടികൾ പൂർത്തീകരിക്കാൻ ബുദ്ധിമുട്ടായതോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനവും മന്ദഗതിയിലായി.

അതേസമയം, സെർവർ തകരാറായതോടെ ഇൻഡിഗോ വിമാനങ്ങൾ വൈകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സെർവർ തകരാറിലാണെന്നും ഇൻഡിഗോ കൗണ്ടറുകളിൽ പതിവിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. യാത്രക്കാർ ദയവുചെയ്ത് സഹകരിക്കണമെന്നും എത്രയുംപെട്ടെന്ന് തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, സെർവർ തകരാറിലായതോടെ രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലെയും ഇൻഡിഗോ കൗണ്ടറുകളിൽ യാത്രക്കാരുടെ നീണ്ട ക്യൂവാണുള്ളത്. എങ്കിലും സർവീസുകളെ കാര്യമായി ഈ സെർവർ തകരാർ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ആഭ്യന്തരസർവീസുകൾ തടസപ്പെട്ടതായി ഇതുവരെ റിപ്പോർട്ടുകളില്ല. എന്നാൽ പല സർവീസുകളും വൈകിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ജൂലൈയിലുണ്ടായ സെർവർ തകരാർ കാരണം ബംഗളൂരു വിമാനത്താവളത്തിൽ നിന്നും 63 വിമാനങ്ങൾ വൈകുകയും നിരവധി യാത്രക്കാർ കുടുങ്ങുകയും ചെയ്തിരുന്നു.

Exit mobile version