നിങ്ങളുടെ ദിവസം സംഗീതത്തില്‍ ആരംഭിക്കൂ, ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ക്യാരറ്റ് കഴിക്കൂ; ശുദ്ധവായു കിട്ടാതെ ഡല്‍ഹിയില്‍ ജനങ്ങള്‍ പരക്കംപായുമ്പോള്‍ നിര്‍ദേശവുമായി കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: അതിരൂക്ഷമായ വായുമലിനീകരണം മൂലം ഡല്‍ഹിയിലെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുമ്പോള്‍ പാട്ടുകേള്‍ക്കാനും ക്യാരറ്റ് കഴിക്കാനും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാര്‍. മാസ്‌കുകള്‍ ധരിച്ച് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിട്ടും മലിനീകരണം പരിഹരിക്കാന്‍ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതിനിടെയാണ് കേന്ദ്രമന്ത്രിമാരുടെ ഈ പരാമര്‍ശം.

മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ക്യാരറ്റ് അത്യുത്തമമാണെന്നാണ് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ആരോഗ്യമന്ത്രിയുടെ പരാമര്‍ശം. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും വിറ്റാമിന്‍ എയും മറ്റ് ആന്‍ഡി ഓക്‌സിഡന്റ്‌സുകളും മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തിന് പരിരക്ഷ നല്കുമെന്നും ട്വീറ്റില്‍ പറയുന്നു.

ക്യാരറ്റ് കഴിക്കണമെന്ന് ഹര്‍ഷ് വര്‍ദ്ധന്‍ നിര്‍ദേശിച്ചപ്പോള്‍ പാട്ട് കേള്‍ക്കണമെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ നിര്‍ദേശം. നിങ്ങളുടെ ദിവസം സംഗീതത്തില്‍ ആരംഭിക്കൂ എന്നാണ് പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തത്. ഇമാനി ശങ്കര ശാസ്ത്രിയുടെ വീണയിലുള്ള കീര്‍ത്തനത്തിന്റെ യൂട്യൂബ് ലിങ്കും പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യതലസ്ഥാനത്തെ വായു മലിനീകരണം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വിഷയത്തില്‍ ഇടപെടണമെന്നുമുള്ള ആവശ്യങ്ങള്‍ പലസ്ഥലങ്ങളില്‍ നിന്നായി ഉയരുന്നതിനിടെയാണ് കേന്ദ്രമന്ത്രിമാരുടെ ട്വീറ്റ്. രണ്ട് ട്വീറ്റുകള്‍ക്കെതിരെയും നിരവധി പേരാണ് പ്രതികരിച്ചത്.

Exit mobile version